"ജ്ജ് അപ്പൊ കൊറേ കാലായീണ്ടാവും ലെ മനസ്സറിഞ്ഞൊന്ന് ചിരിച്ചിട്ട്?"...
അവരങ്ങനെ ചോദിച്ചപ്പോ ഇനിക്ക് ആദ്യം കൊറച്ച് നീരസം തോന്നിയെങ്കിലും ഫോൺ വെച്ച ശേഷം ഞാൻ ചിന്താവിഷ്ടനായിരുന്നു.
ശെരിക്കും ഞാൻ ചിരിക്കാറുണ്ടോ?
ആരെങ്കിലും തമാശ പറയുമ്പോ അത് കേട്ട് ചിരിക്കുന്നില്ലേ?
ആരെയെങ്കിലും ഒക്കെ കാണുമ്പോ മുഖത്ത് നോക്കി ചിരിക്കുന്നില്ലേ?
അത്രെയൊക്കെ ചിരിച്ചാ പോരെ?
അല്ലല്ല... മനസ്സറിഞ്ഞുള്ള ചിരി ഒന്ന് വേറെ തന്നെയാ... ആ ചിരി ചിരിക്കുമ്പോ ഉള്ളിൽ ഒരു കുളിരൊക്കെ വരണം...
പിന്നെന്താ പ്രശ്നം?
ഇനിയിപ്പോ ചുറ്റുപാടിന്റെ ആണോ?
ഏയ്! ചുറ്റുപാട് ഒക്കെ ഇപ്പൊ ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ട്... നല്ല നല്ല കുറേ ആൾക്കാർ ചുറ്റും ഉണ്ട്... നല്ല ഭക്ഷണം കഴിക്കുന്നുണ്ട്... വേണ്ട സ്ഥലത്തൊക്കെ പോവുന്നുണ്ട്... ഏറെക്കുറെ ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നുമുണ്ട്...
പിന്നെ?
ഇന്ന് വൈകുന്നേരം കദീസ ഒരാളെ ചൂണ്ടിക്കാട്ടി ചോദിച്ചു: "ആൾടെ ചിരി കാണാൻ നല്ല രസണ്ട് ലെ?"
ഈ ചിരീൽ ഒക്കെ രസള്ളതും ഇല്ലാത്തൊക്കെ ണ്ടോ?
"അത് നീ ചിരികൾ ശ്രദ്ധിച്ച് തൊടങ്ങിയാ മനസ്സിലാവും... നല്ല ചിരി കണ്ടാ കാണുന്ന ഞമ്മക്കെന്നെ ഒരു ആശ്വാസം ണ്ടാവും"
അപ്പൊ ചിരി ചില്ലറക്കാരനല്ല.
ശെരിയാ... ഞാൻ മുമ്പ് എവിടെയോ കേട്ടിട്ടുണ്ട്... ശെരിക്കും ഉള്ള ചിരി അല്ലെങ്കിൽ പോലും നമ്മൾ മുഖത്ത് ഒരു പുഞ്ചിരി വരുത്തിയാ നമ്മൾ സന്തോഷവാൻമാർ ആണെന്ന് തലച്ചോർ തെറ്റിദ്ധരിക്കുമത്രേ!
എന്തെങ്കിലും ഒക്കെ കാരണം കൊണ്ട് നമ്മൾ മനുഷ്യരും മറ്റു ചില ജീവികളും മുഖത്ത് പ്രകടമാക്കുന്ന ഒരു തരം പ്രതികരണം ആണ് ചിരി. ഒരു താളത്തിൽ ശബ്ദം ഉള്ളതോ ഇല്ലാത്തതോ ആയ രീതിയിൽ ചിരി വരാം. പുഞ്ചിരിയെന്നും, ചെറുചിരിയെന്നും, പൊട്ടിചിരിയെന്നും, അങ്ങനെ പല രീതിയിലും ഇതിനെ തരം തിരിക്കാം. സാധാരണയായി സന്തോഷവും ആഹ്ലാദവും ഒക്കെ ഉണ്ടാവുമ്പോൾ ആണ് ചിരി വരുന്നത്. പിന്നെ ഇക്കിളി എടുക്കുമ്പോൾ, തമാശ തോന്നുമ്പോൾ, സമാധാനം ഉണ്ടാവുമ്പോൾ, ആശ്ചര്യപ്പെടുമ്പോൾ ഒക്കെ ചിരി വരും. അത് മാത്രമാണോ? അല്ല. നാണക്കേട് ഉണ്ടാവുമ്പോഴും ആശയക്കുഴപ്പം ഉണ്ടാവുമ്പോഴും ഒക്കെ നമ്മൾ ചിരിക്കാറുണ്ടല്ലേ. ശരാശരി എല്ലാ മനുഷ്യന്മാരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ് ചിരി.
ഒരിക്കൽ പോലും ചിരിച്ച് കാണാത്ത ചിലരെയൊക്കെ എനിക്ക് ഓർമ വരുന്നുണ്ട്. എന്താണാവോ എന്തോ!
ഈ ചിരിക്ക് നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയുമത്രേ! അതുപോലെ പല തെറാപ്പികളിലും ചിരിയെ ഒരു മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്ന് വെച്ച് എല്ലായിടത്തും പോയി അങ്ങ് ചിരിക്കാമോ... ചിരി അനുയോജ്യമല്ലാത്ത സ്ഥലങ്ങളെ കുറിച്ച് ഞാൻ പ്രത്യേകം പറയണ്ടല്ലോ...
ഈ ചിരിയെ പറ്റി മാത്രം പഠിക്കാൻ ഒരു ശാസ്ത്രശാഖ തന്നെ ഉണ്ട്. അതാണ് ജെലോട്ടോളജി(Gelotology). പോരാത്തതിന് എല്ലാ മെയ് മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച ലോക ചിരി ദിനമായി ആഘോഷിക്കാറുണ്ട്.
ഇനി ഇതൊക്കെ വായിച്ച നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ?
"അവാസാനായിട്ട് ഇങ്ങള് എപ്പഴാ ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചത്?"